ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് നിരണം തൃക്കപാലീശ്വരം ദക്ഷിണാമൂർത്തി ക്ഷേത്രം.

സ്വന്തം ലേഖകൻ


കേരളത്തിലെ 108 ശിവാലയങ്ങളില്‍ ഒന്നാണ് നിരണം തൃക്കപാലീശ്വരം ദക്ഷിണാമൂർത്തി ക്ഷേത്രം.108 ശിവക്ഷേത്രങ്ങളിൽ പറയുന്ന മൂന്നു തൃക്കപാലീശ്വരങ്ങളിൽ ഒന്നാണിത്. മറ്റുള്ള രണ്ടു തൃക്കപാലീശ്വരങ്ങൾ പെരളശ്ശേരിയിലും, നാദാപുരത്തും ആണ്.

ഇവിടത്തെ പ്രധാന മൂര്‍ത്തി ശിവനാണ്. കിഴക്കോട്ട് ദര്‍ശനമായിട്ടാണ് പ്രതിഷ്ഠ. ശ്രീകൃഷ്ണന്‍, ഗണപതി, ശാസ്താവ്, വൃഷഭന്‍, സപ്തമാതൃക്കള്‍ എന്നിവര്‍ ഉപദേവതകളാണ്. ഇവിടത്തെ വൃഷഭവിഗ്രഹം ആകര്‍ഷകമായ കലാശില്പമാണ്. ഈ വിഗ്രഹം കൂടിനകത്താണ് സ്ഥിതി ചെയ്യുന്നത്.  പശുക്കള്‍ക്ക് അസുഖം വരുമ്പോൾ ഇവിടെ എണ്ണ നേരാറുണ്ട്. ഈ ക്ഷേത്രവും പരിസരവും മഹോദയപട്ടണം എന്നപേരില്‍ അറിയപ്പെട്ടിരുന്നു. തൃക്കപാലേശ്വരം ക്ഷേത്രത്തില്‍ രണ്ട് നേരം പൂജ നടത്തിവരുന്നു.

മഹാവിഷ്ണുവിൻ്റെ ദശാവതാരങ്ങളിൽ ആറാമത്തെ അവതാരമായ പരശുരാമനാണ് നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് എന്ന് വിശ്വാസമുണ്ട്. ഇവിടെ ശിവപ്രതിഷ്ഠാ സങ്കല്പം ദക്ഷിണാമൂർത്തിയാണ്.തന്മൂലം തൃക്കപാലീശ്വരം ക്ഷേത്രദർശനം വിദ്യാസമ്പത്തിനു വിശേഷമാണന്ന് വിശ്വസിക്കുന്നു.

ഇവിടുത്തെ ശിവലിംഗം, നന്ദികേശ്വര പ്രതിഷ്ഠ, സപ്തമാതൃപ്രതിഷ്ഠകൾ, സർപ്പ സാന്നിധ്യം എന്നിവ പ്രത്യേകതകൾ നിറഞ്ഞതാണ്.

ഹിമാലയത്തിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേകതരം ശിലയിൽ തീർത്തതാണ് ഇവിടുത്തെ ശിവലിംഗം. പ്രധാന മൂർത്തിയായ കപാലിശ്വരൻ ദക്ഷിണാമൂർത്തിയായി ശിവലിംഗരൂപത്തിൽ ഇവിടെ കുടികൊള്ളുന്നു.

സാധാരണ ക്ഷേത്രങ്ങളിൽ ഉത്സവ സംബന്ധിയായി കൊടിയേറ്റു നടത്തുമ്പോൾ ഇവിടെ ഓലക്കുടയാണ് കൊടിമരത്തിലേറ്റുക.

എഴുത്തച്ഛൻ ഒരു ശിവരാത്രി നാളിൽ ഇവിടെ ക്ഷേത്രദർശനം നടത്തിയതായി വിശ്വസിക്കുന്നു. അദ്ദേഹം കണ്ണശ്ശകവികളുടെ അനുഗ്രഹം വാങ്ങിയാണ് മലയാളത്തിലുള്ള രണ്ടാമത്തെ രാമയണത്തിനു ഹരിശ്രീ കുറിച്ചത് എന്നും വിശ്വസിക്കുന്നു.

ക്ഷേത്രത്തിന് തൊട്ടു പടിഞ്ഞാറുവശത്താണ് കണ്ണശ്ശപറമ്പ്. മലയാളത്തിലെ ആദ്യകാല കവികളില്‍ പ്രമുഖരായ മാധവപ്പണിക്കര്‍, ശങ്കരപ്പണിക്കര്‍, രാമപ്പണിക്കര്‍ എന്നിവരുടെ ജന്മസ്ഥലം ഇതാണെന്ന് കരുതുന്നു. അവര്‍ മൂന്നു പേരുമാണ് നിരണം കവികള്‍ എന്ന പേരില്‍ പ്രസിദ്ധി ആര്‍ജിച്ചിട്ടുള്ളത്.

1981 ആഗസ്റ്റ് 30-ന് അന്നത്തെ മുഖ്യമന്ത്രി ഇ. കെ. നായനാർ ഉദ്ഘാടനം ചെയ്ത കണ്ണശ്ശസ്മാരകം ആണ് ഇപ്പോൾ കണ്ണശ്ശപ്പണിക്കന്മാരുടെ പേരിൽ പ്രവർത്തനനിരതമായ ഒരു സ്ഥാപനം.

ഇത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രം അല്ല.
ഇപ്പോള്‍ ക്ഷേത്രസംരക്ഷണ സമിതിയാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത്.

ക്ഷേത്ര സംരക്ഷണസമതിയുടെ നേതൃത്വത്തിൽ എല്ലാവർഷവും നവരാത്രി മഹോത്സവവും ശിവരാത്രി മഹോത്സവവും വിപുലമായി നടത്തുന്നു

ഈ ക്ഷേത്രം  സന്ദർശിക്കാൻ വരുന്നവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

Phone:


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.